തിരൂർ:സാറേ ഈ കൂട്ടത്തില്‍ എ.കെ 47 തോക്ക് ഉണ്ടോ?… തിരൂര്‍ ഗവ. ബോയ്സ് സ്കൂളിലെ എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ കേരളാ പൊലീസിന്റെ സ്റ്റാളിലെത്തിയ പത്ത് വയസുകാരന്റെ ചോദ്യമാണിത്. പയ്യന്സിന്റെ ചോദ്യം കേട്ട് ആദ്യമൊന്നു ഞെട്ടിയെന്ന് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ.ജി. ശ്രീകുമാര്‍. കലാഷ്നികോവ് റൈഫിള്‍ ഉണ്ടോ എന്നത് കേവലം ഒറ്റപ്പെട്ട ചോദ്യമല്ല, സ്റ്റാളില്‍ എത്തുന്ന ഭൂരിഭാഗം കുട്ടികള്‍ക്കും കാണേണ്ടത് തോക്കുകളിലെ രാജാവിനെയാണ്. വീഡിയോ ഗെയിമുകളിലും സിനിമയിലും മാത്രം കണ്ടുപരിചയിച്ച ഇത്തരം തോക്കുകള്‍ നേരില്‍ കാണാനുള്ള ആകാംക്ഷ പ്രദര്‍ശന നഗരിയിലെത്തുന്ന ഓരോ കുട്ടികള്‍ക്കുമുണ്ട്. അതുകൊണ്ടുതന്നെ പൊലീസിന്റെ ആയുധ ശേഖര സ്റ്റാളില്‍ തിരക്കൊഴിഞ്ഞ നേരമില്ല. ഇന്ത്യന്‍ നിര്‍മിത ഇന്‍സാസ് തോക്ക്, എ.കെ. 47 റിവോള്‍വറുകള്‍, ബ്ലോക്ക് പിസ്റ്റളുകള്‍, മള്‍ട്ടിഷെല്‍ ലോഞ്ചെര്‍, പമ്പ് ആക്ഷന്‍ റൈഫിള്‍ ഇവയില്‍ ഉപയോഗിക്കുന്ന വിവിധ തരം തിരകള്‍ തുടങ്ങി പൊലീസ് സേനയില്‍ ഉപയോഗിക്കുന്ന ആയുധങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.
പ്രദര്‍ശനം കാണാനെത്തുന്ന മുതിര്‍ന്നവര്‍ പോലും ഓരോ ഉപകരണങ്ങളുടെ പേരുകള്‍ ഉദ്യോഗസ്ഥരോട് ചോദിച്ചുവരുമ്പോഴേക്കും കുട്ടികള്‍ അതിന്റെ പേരും എന്തിന് ഉപയോഗിക്കുന്നു എന്നതുമെല്ലാം പറഞ്ഞു ഏവരെയും അതിശയിപ്പിക്കുന്നത് രസകരമായ കാഴ്ചയാണ്. എന്നാലിത് പ്രോത്സാഹിപ്പിക്കേണ്ടതല്ലെന്നാണ് അധികൃതര്‍ പറയുന്നത്. മാത്രമല്ല സേനയുടെ വിവിധ ആയുധങ്ങളെ സംബന്ധിച്ച കുട്ടികളുടെ ചോദ്യം കേട്ട് ഞെട്ടിയ രക്ഷിതാക്കളുമുണ്ട്. ഇതൊക്കെ എങ്ങനെ അറിയാമെന്ന മറുചോദ്യമാണ് അവര്‍ ചോദിക്കുന്നത്. വീഡിയോ ഗെയിമുകളുടെ സ്വാധീനത്താല്‍ കുട്ടികള്‍ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കാനും കുട്ടികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്നതിനും
രക്ഷിതാക്കള്‍ കാര്യമായി തന്നെ ശ്രദ്ധിക്കണമെന്നാണ് കേരള പോലീസിന്റെ മുന്നറിയിപ്പ്. മലബാര്‍ സ്പെഷ്യല്‍ പോലീസ് മ്യൂസിയം വിഭാഗം, ബോംബ് ഡിറ്റക്ഷന്‍ ആന്റ് ഡിസ്പോസല്‍ സ്ക്വാഡ്, ഫിംഗര്‍ പ്രിന്റ് ബ്യൂറോ, ഫോറന്‍സിക് സയന്‍സ് ലബോറട്ടറി, സൈബര്‍ സെല്‍, ആംസ് ആന്റ് അമ്യുണിഷന്‍, ഡോഗ് സ്ക്വാഡ്, സ്ത്രീ സുരക്ഷ- സ്വയം പ്രതിരോധം എന്നിങ്ങനെ സേനയുടെ ആറോളം വിഭാഗങ്ങളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. രാവിലെ 10 മുതല്‍ രാത്രി ഒന്‍പത് വരെയാണ് പ്രദര്‍ശനം.