Monday, May 16, 2022
HomeKeralaവിംഗ്‌സ്‌ ഓഫ്‌ നിറമരുതൂർ കേന്ദ്ര സർവ്വകലാശാല എൻട്രൻസ്‌ ശിൽപശാല ശ്രദ്ധേയമായി

വിംഗ്‌സ്‌ ഓഫ്‌ നിറമരുതൂർ കേന്ദ്ര സർവ്വകലാശാല എൻട്രൻസ്‌ ശിൽപശാല ശ്രദ്ധേയമായി

തിരൂർ : രാജ്യത്തെ 44 കേന്ദ്ര സർവ്വകലാശാലകളിലേക്കും 22 ഓട്ടോണമസ്‌ യൂണിവേഴ്‌സിറ്റികളിലേക്കും കോളേജുകളിലേക്കും ബിരുദ പ്രവേശനത്തിന് ഈ വർഷം മുതൽ നടപ്പിലാക്കുന്ന കോമൺ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷയെകുറിച്ച്‌ വിദ്യാർഥികൾക്ക്‌ അവബോധമുണ്ടാക്കുന്നതിനായി സംഘടിപ്പിച്ച ശിൽപശാല ശ്രദ്ധേയമായി

മലപ്പുറം ജില്ലാ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന വിംഗ്‌സ്‌ മലപ്പുറം പദ്ധതിയുടേയും നിറമരുതൂർ ഡിവിഷനിൽ മെമ്പർ വി.കെ.എം. ഷാഫിയുടെ വിദ്യഭ്യാസ വികസന പദ്ധതിയായ വിംഗ്‌സ്‌ ഓഫ്‌ നിറമരുതൂരിന്റേയും ഭാഗമായാണ് ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി ശിൽപശാല സംഘടിപ്പിച്ചത്‌.

ശിൽപശാലയുടെ ഉദ്ഘാടനവും വിംഗ്‌സ്‌ ഓഫ്‌ നിറമരുതൂരിന്റെ പ്രഖ്യാപനവും മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എം.കെ. റഫീഖ നിർവ്വഹിച്ചു.

കേന്ദ്ര സർവ്വകലാശാലകളിലേക്ക്‌ നടക്കുന്ന പ്രവേശന പരീക്ഷക്ക്‌ വിദ്യാർഥികളെ പ്രാപ്‌തമാക്കുന്നതിന് 10 ലക്ഷം രൂപ വകയിരുത്തി ജില്ലയിലെ 10 സെന്ററുകളിലായി നടത്തുന്ന സൗജന്യ പരിശീലന പദ്ധതിയിൽ നിറമരുതൂർ ഡിവിഷനിലെ താനൂർ ദേവധാർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ സെന്റർ അനുവദിക്കുമെന്ന് പ്രസിഡണ്ട്‌ എം.കെ. റഫീഖ പറഞ്ഞു. നാട്ടിൽ നടക്കുന്ന ഗുണപ്രദവും യഥാർത്ഥ വികസനം സാധ്യമാകുന്നതും വിദ്യഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്കാണെന്നും അവർ കൂട്ടിച്ചേർത്തു.

ജില്ലാ പഞ്ചായത്ത്‌ മെമ്പർ വി.കെ.എം. ഷാഫി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ. സൽമത്ത്‌ വിംഗ്‌സ്‌ ഓഫ്‌ നിറമരുതൂരിന്റെ ലോഗോ പ്രകാശനം ചെയ്‌തു. വിവിധ സ്‌കൂളിലെ ഹെൽപ്‌ ഡസ്‌കുകൾ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ടുമാരായ ഇസ്‌മായിൽ പുതുശ്ശേരി, മല്ലിക ടീച്ചർ, ഷംസിയ സുബൈർ എന്നിവർ ഉദ്ഘാടനം ചെയ്‌തു.

വിവിധ സെഷനുകളിലായി വിജയഭേരി ജില്ലാ കോർഡിനേറ്റർ സലീം മാസ്റ്റർ, എൻസൈൻ സിവിൽ സർവ്വീസ്‌ അക്കാദമി ഡയറക്‌ടർ കെ.വി. മുഹമ്മദ്‌ യാസീൻ, എൻസ്‌കൂൾ ട്രെയ്‌നർ ജിഷ്‌ണു ഓസി, ഡൽഹി യൂണിവേഴ്‌സിറ്റി വിദ്യാർഥിയായ അസ്‌ലഹ്‌ കൽപകഞ്ചേരി എന്നിവർ ക്ലാസ്സെടുത്തു.

ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ മജീദ്‌ മംഗലത്ത്‌, എൻ.എ. നസീർ, ടി. റഹീം മാസ്റ്റർ, ദേവധാർ പ്രിൻസിപ്പൽ എം. ഗണേശൻ, വിവിധ സ്‌കൂളുകളിലെ കരിയർ ഗൈഡ്‌ അദ്ധ്യാപകരായ പ്രശാന്ത്‌ കുമാർ, ഡോ. ഇസ്‌മയിൽ, എ. ഷിബു, ഹംസ മാസ്റ്റർ, എം.എ. റഫീഖ്‌, ഇർഷാദ്‌ കുറുക്കോൾ എന്നിവർ പ്രസംഗിച്ചു.

പ്രവേശന പരീക്ഷക്ക്‌ രജിസ്‌റ്റർ ചെയ്യാനുള്ള അവസാന തിയ്യതി മെയ്‌ ആറിനാണ്. രജിസ്‌ട്രേഷൻ നടത്തിയ വിദ്യാർഥികൾക്ക്‌ മെയ്‌ 7 നു മലപ്പുറത്ത്‌ നടത്തുന്ന മുഖാമുഖത്തിലൂടെയാണ് സൗജന്യ പരിശീലനത്തിനായി തെരഞ്ഞെടുക്കുക. ഓരോ സെന്ററിലും 100 വിദ്യാർത്ഥികൾക്ക്‌ അവസരമുണ്ടാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments