Thursday, September 29, 2022
HomeKerala"പള്ളിക്കടവിലെ കണ്ണീർ തോണി" ദുരന്തത്തിൻ്റെ ഓർമകൾക്ക് 40 വർഷം

“പള്ളിക്കടവിലെ കണ്ണീർ തോണി” ദുരന്തത്തിൻ്റെ ഓർമകൾക്ക് 40 വർഷം

ഇതു പോലെയൊരു തുലാം മാസത്തിലായിരുന്നു പുറത്തൂർ പള്ളിക്കടവിൽ തീരദേശം ഇന്നും കണ്ണീരോടെ ഓർത്തിരിക്കുന്ന കടത്ത് തോണിയപകടമുണ്ടായത്.നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന അപകടത്തിൽ മൂന്ന് കോളേജ് വിദ്യാർഥികളടക്കം ആറ് പേരാണ് മരിച്ചത്.മൂർക്കനാട് തോണിദുരന്തം പോലെയുള്ള അപകടങ്ങൾ ജില്ലയിലുണ്ടായിട്ടുണ്ടെങ്കിലും പഴയ തലമുറക്ക് മറക്കാൻ കഴിയാത്ത ദുരന്ത സംഭവമാണിത്.ഇന്നും പുഴയിലൊരു അപകടമുണ്ടായാൽ പുതിയ തലമുറയിൽ പെട്ടവർ വരെ അന്നത്തെ തോണിയപകടം പരാമർശിക്കും.1981 ഒക്ടോബർ 28 നായിരുന്നു ആ അപകടം നടന്നത്.
ജലപാതകൾ സജീവമായതിനാൽ പൊന്നാനി അന്ന് തീരദേശത്തെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു.ബസ് യാത്രാ സൗകര്യങ്ങൾ കുറവായതിനാലും പാലങ്ങളില്ലാത്തതിനാലും തിരൂർ,താനൂർ,മംഗലം,കൂട്ടായി,പുറത്തൂർ തുടങ്ങി വിവിധ ദേശങ്ങളിലുള്ളവരൊക്കെ പുറത്തൂർ പള്ളിക്കടവ് കടന്നാണ് പൊന്നാനിയിലെത്തിയിരുന്നത്.ആശുപത്രി,കച്ചവടം,വിദ്യാഭ്യാസം തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി പള്ളിക്കടവിലെ ഒരു കിലോമീറ്റർ ദൈർഘ്യമുള്ള കടവ് കടന്നിട്ട് വേണം പൊന്നാനിയിലെത്താൻ.ഭാരതപ്പുഴയുടെ ഏറ്റവും വീതി കൂടിയതും ആഴവുമുള്ള ഭാഗമാണിത്.കടലിനോട് ചേർന്നു നിൽക്കുന്നതിനാൽ അപകട സാധ്യതയുമേറെയാണ്.അന്നൊക്കെ ദിനേന രണ്ടായിരത്തിലേറെ ആളുകൾ പള്ളിക്കടവിലെ കടത്ത് തോണിയെ ആശ്രയിക്കാറുണ്ട്.പൊന്നാനി എം.ഇ.എസ് കോളേജായിരുന്നു തീരദേശത്തെ പ്രധാന ഉന്നത കലാലയം.രണ്ട് ഷിഫ്റ്റുകളായാണ് കോളേജ് പ്രവർത്തിച്ചിരുന്നത്.
ദുരന്തം നടന്ന ദിവസം ഉച്ചക്ക് ഒന്നരയോടെ പൊന്നാനി എം.ഇ.എസ് കോളേജിലെ ആദ്യ ഷിഫ്റ്റിലെ വിദ്യാർഥികൾ പള്ളിക്കടവ് തുടങ്ങുന്ന തോട്ടുങ്ങൽ പള്ളിക്ക് സമീപത്തെത്തി.കൂടുതലും ഒന്നാം വർഷ പ്രീഡിഗ്രി വിദ്യാർഥികളായിരുന്നു.അതോടൊപ്പം പതിവ് യാത്രക്കാരുമെത്തിയതോടെ കടവിൽ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. യന്ത്രസംവിധാനങ്ങളില്ലാത്തതിനാൽ കൈക്കോൽ ഉപയോഗിക്കുന്ന പായ് വഞ്ചിയായിരുന്നു കടത്തിനുണ്ടായിരുന്നത്.

തുലാം മാസമായതിനാൽ കാറ്റും മഴയും ഏത് സമയവും പ്രതീക്ഷിക്കാം.രാവിലെ മുതൽ ചാറ്റൽ മഴയുമുണ്ടായിരുന്നു.മുപ്പതിലേറെ പേർ വഞ്ചിയിൽ കയറി.പായ് വഞ്ചി പുറത്തൂർ ലക്ഷ്യമാക്കി അരകിലോമീറ്റർ പിന്നിട്ടപ്പോൾ പെട്ടെന്ന് ശക്തമായ കാറ്റടിച്ചു.വഞ്ചിയിലെ പായയിൽ കാറ്റ് പിടിച്ചതോടെ പായ വലിച്ചുകെട്ടിയ മുളയൊടിഞ്ഞു.തോണി ഒരു ഭാഗത്തേക്ക് ചെരിയാൻ തുടങ്ങിയതോടെ യാത്രക്കാർ എഴുന്നേൽക്കാൻ ശ്രമിച്ചതോടെ നിയന്ത്രണം തെറ്റി വഞ്ചി പൂർണമായും മറിഞ്ഞു.ശക്തമായ അടി ഒഴുക്കുള്ളതിനാൽ ആളുകൾ മുങ്ങിതുടങ്ങി.അപ്പോഴേക്കും പൊന്നാനിയിലെ നാട്ടുകാരും മത്സ്യ തൊഴിലാളികളുമൊക്കെ രക്ഷാപ്രവർത്തനത്തിനെത്തി.നീന്തൽ അറിയുന്നവർ കയ്യിലുള്ളതെല്ലാം ഉപേക്ഷിച്ച് കരയ്ക്കെത്തി.വിവരമറിഞ്ഞ് കോളേജിൽ നിന്നും പ്രിൻസിപ്പാൾ മൊയ്തീൻകുട്ടി സാറിന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും രക്ഷാപ്രവർത്തനത്തിനെത്തിയിരുന്നു.തോട്ടുങ്ങൽ പള്ളിയിൽ നിന്ന് ഉച്ചക്കത്തെ ബാങ്ക് വിളിച്ച് കുറച്ച് സമയം കഴിഞ്ഞാണ് അപകടമുണ്ടായതെന്ന് അന്നത്തെ സംഭവത്തിന് ദൃക്സാക്ഷിയായ പള്ളിക്കടവിൽ ചായ കച്ചവടം നടത്തുന്ന പൂത്തൂര് ഭാസ്ക്കരൻ പറഞ്ഞു.ചരക്ക് സാധനങ്ങൾ പൊന്നാനിയിലെത്തിച്ച് മടങ്ങി പോകാനിരുന്ന വളോര് വഞ്ചി(പുര വഞ്ചി) രക്ഷാപ്രവർത്തനത്തിന് മുൻപന്തിയിലുണ്ടായിരുന്നു.
പന്ത്രണ്ട് വയസുകാരൻ അശോകന്റെ മൃതദേഹമാണ് ആദ്യം കരയ്ക്കെത്തിച്ചത്. മംഗലത്തെ ചേക്കു അലി,പ്രീഡിഗ്രി വിദ്യാർഥി ചേന്നര പെരുന്തിരുത്തിയിലെ സി.ടി.ആദം അലി,ബി.എ ബിരുദ വിദ്യാർഥി നിറമരുതൂർ മങ്ങാടിലെ ചേലാട്ട് ഇസ്മാഈൽ എന്നിവരുടെ മൃതദേഹങ്ങളും കരയ്ക്കെത്തിച്ചു.ഒന്നാം വർഷ പ്രീഡിഗ്രി വിദ്യാർഥി മംഗലം പി.കെ.സി സൈഫുന്നീസ,വീട്ടമ്മയായ പുറത്തൂരിലെ മോടനമ്പ്രത്തെ ചീരു എന്നിവരെ കണ്ടെത്താനായില്ല.അവർക്കായി ദിവസങ്ങളോളം ഭാരതപ്പുഴയിലും കടലിലും തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.നാവികസേനാ മുങ്ങൽ വിദഗ്ധരും ഹെലികോപ്റ്ററും തിരച്ചിനെത്തിയിരുന്നു.തുടർന്നുള്ള ദിവസങ്ങളിൽ ശക്തമായ മഴയുണ്ടായിരുന്നു.
ചീരുവിന്റെ മകനാണ് അശോകൻ.പൊന്നാനിയിലെ ധർമ്മാശുപത്രിയിൽ അശോകനെ ഡോക്ടറെ കാണിച്ച് മടങ്ങുകയായിരുന്നു ഗർഭിണി കൂടിയായ ചീരു.തോണി മറിയുന്നത് സ്വപ്നം കണ്ട നിറമരുതൂരിലെ ചേലാട്ട് കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൻ ഇസ്മാഈൽ രണ്ട് ദിവസം കോളേജിൽ പോയിരുന്നില്ല.മൂന്നാം ദിവസം ബസിൽ കുറ്റിപ്പുറം വഴി വളഞ്ഞ് തിരിഞ്ഞ് കൂടുതൽ ദൂരം സഞ്ചരിച്ചാണ് കോളേജിൽ പോയത്. ക്ലാസ് നേരത്തെ കഴിഞ്ഞതിനാൽ തിരിച്ചുവരുമ്പോൾ ഇസ്മാഈൽ യാത്ര പളളിക്കടവ് വഴിയാക്കി.ഒരു ദു:സ്വപ്നം പോലെ പൊന്നാനി കോളേജ് നീറുന്ന മനസോടെ ഓർക്കുന്ന സംഭവമായിരുന്നു പള്ളിക്കടവ് തോണി ദുരന്തം .
ദുരന്തം ഇന്നും കണ്ണിൽ നിന്നും മായുന്നില്ല: സുമതി
പള്ളിക്കടവ് തോണിയപകടത്തിൽ നിന്നും രക്ഷപ്പെട്ട മംഗലം വീട്ടിൽ വളപ്പിൽ സുമതിയുടെ കണ്ണീരോർമ ഇനിയും വറ്റിയിട്ടില്ല.പുഴയിൽ കാണാതായ സൈഫുന്നീസയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു സുമതി.ഹൈസ്കൂൾ മുതൽ ഒരേ ക്ലാസിലായിരുന്നു.കോളേജിലേക്കും ഒരുമിച്ചായിരുന്നു യാത്ര. തോണിയിൽ തൊട്ടടുത്ത് തന്നെയായിരുന്നു സൈഫുന്നീസ.അപകടം നടന്നപ്പോൾ മുടി പിടിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.പിന്നീട് ബോധം പോയതിനാൽ ഒന്നും ഓർമയില്ലായെന്ന് സുമതി പറഞ്ഞു.അപകടത്തിന് ശേഷം പള്ളിക്കടവ് യാത്ര ഒഴിവാക്കുന്നതിനായി പുതുപൊന്നാനിയിൽ ബന്ധുവിന്റെ വീട്ടിൽ നിന്നായിരുന്നു പഠനം. പ്രീഡിഗ്രി രണ്ടാം വർഷം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലേക്ക് മാറി.പ്രിയ കൂട്ടുകാരി സൈഫുന്നീസയുടെ ഫോട്ടോ ഇന്നും സുമതി ആൽബത്തിൽ സൂക്ഷിക്കുന്നുണ്ട്.ഭർത്താവും മക്കളുമൊക്കെയായി പുല്ലൂണിക്കാവ് ക്ഷേത്രത്തിന് സമീപമാണ് ഇപ്പോൾ താമസിക്കുന്നത്.
പെരുന്തിരുത്തി ഗ്രാമത്തിന് ഇരട്ട നഷ്ടം
പള്ളിക്കടവ് തോണിയപകടം ഏറ്റവുമധികം വേദനയിലാഴ്ത്തിയത് മംഗലം പെരുന്തിരുത്തി ഗ്രാമത്തെയാണ്.രണ്ട് പേരെയാണ് നാടിന് നഷ്ടമായത്.ചേക്കുമരക്കാരത്ത് തൈവളപ്പിൽ അലിയാരുടെ മൂത്ത മകൻ ആദം അലിയുടെ മരണവാർത്തയാണ് ആദ്യമെത്തിയത്.കുറച്ച് കഴിഞ്ഞപ്പോൾ പെരുന്തിരുത്തിയിലെ ചേന്നര എ.എം.എൽ.പി സ്കൂളിലെ അധ്യാപിക ഖദീജ ടീച്ചറുടേയും മംഗലത്തെ പി.കെ.സി.മുഹമ്മദ്കുട്ടി ഹാജിയുടെയും മകൾ സൈഫുന്നീസ അപകടത്തിൽ കാണാതായെന്ന വിവരമെത്തിയതോടെ ഗ്രാമത്തെയാകെ കണ്ണീരിലാഴ്ത്തി.സൈഫുന്നീസയുടെ വിവാഹം പറഞ്ഞുറപ്പിച്ചതായിരുന്നു.ആദം മികച്ച ഫുട്ബോൾ കളിക്കാരൻ കൂടിയായിരുന്നു.അപകടം നടക്കുമ്പോൾ ആദം അലിയുടെ പിതൃസഹോദരൻ പെരുന്തിരുത്തിയിലെ സി.ടി മുഹമ്മദ് നൂറും ഭാര്യ സുഹറയും പൊന്നാനി കോളേജിലെ ജീവനക്കാരായിരുന്നു.പ്രാർത്ഥനകളോടെ ഇവരും പുഴക്കരയിലെത്തിയിരുന്നു.പള്ളിക്കടവ് കടത്ത്തോണി ദുരന്തത്തിന് ശേഷം പലരും ആ വഴി യാത്ര ചെയ്യാൻ മടിച്ചിരുന്നു. ചമ്രവട്ടം പാലം വന്നതും ജങ്കാർ സർവീസ് സജീവമായതോട് കൂടി പള്ളിക്കടവിൽ യാത്രക്കാർ കുറഞ്ഞു.ലാഭകരമല്ലാത്തതിനാൽ രണ്ടര വർഷം മുമ്പ് തോണി സർവീസ് നിറുത്തി വെക്കേണ്ടി വന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments